ആട് 2

December 25, 2017

🔺ഷാജിയെട്ടാ ഇവരെയങ്ങ്
🔻അരുത് അബൂ അരുത്.നമുക്കിവരെ ചിരിപ്പിച്ച് കൊല്ലാം.



🔻Story Line🔻
നീലക്കൊടുവേലി ഉണ്ടാക്കിയ പുകിലിന് ശേഷം പുതിയ പണികൾ കൊടുക്കാനും പണികൾ ചോദിച്ച് വാങ്ങിക്കുവാനും പാപ്പനും കൂട്ടരും വീണ്ടും വരികയാണ്.യാത്രയിൽ കൂടെ ഷമീറും സാത്താനും പാവം ഡ്യൂഡും.ഇത്തവണ കൊടുവേലിക്ക് പകരം എന്ത് വയ്യാവേലിയാണോ ആവോ.

🔻Behind Screen🔻
വമ്പൻ പരാജയത്തിന് ഇരയായ ഒരു സിനിമയും കഥാപാത്രങ്ങളും ഇത്രയും കാലം കാണികളോടൊത്ത് സഞ്ചരിച്ചിട്ടുണ്ടാവില്ല.അതിന് ഒരു രണ്ടാം ഭാഗം ചിന്തിക്കാൻ തന്നെ ആരും ഒരുങ്ങാറില്ല.എന്നാൽ അങ്ങനെയൊരു തീരുമാനം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അത് "ആട്" എന്ന ചിത്രത്തിനാവും.

തീയേറ്ററിൽ ആദ്യഭാഗം മൂക്കുകുത്തി വീണെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ ടോറന്റ് ഹിറ്റ് എന്ന് നിസ്സംശയം പറയാം ആടിനെ.അത്രയേറെ ആരാധകർ സിനിമക്കും അതിലേറെ കഥാപാത്രങ്ങൾക്കും സംവിധായകൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആ ധൈര്യമാണ് സിനിമക്ക് രണ്ടാം ഭാഗം ഒരുക്കാൻ സംവിധായകൻ മിഥുൻ മാനുവലിന് പ്രചോദനമായത്.

രണ്ടാം ഭാഗത്തിനും കഥയൊരുക്കിയത് മിഥുൻ മാനുവൽ തന്നെയാണ്.നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസും.ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റുന്ന പ്രഖ്യാപനമായിരുന്നു ഈ രണ്ടാം ഭാഗം.

നീലക്കുയിൽ, സോറി നീലക്കൊടുവവേലി പാപ്പനും പിള്ളേർക്കും ഉണ്ടാക്കിക്കൊടുത്ത പുകിൽ നമുക്കെല്ലാവർക്കും അറിയാം.അതൊക്കെ കഴിഞ്ഞ് കുടുംബവും പിള്ളേരുമൊത്ത് ജീവിക്കുന്ന പാപ്പൻ താൻ പോലും അറിയാതെ അധോലോകം ആവുന്നതും തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ആട് 2.

ആദ്യമേ പറഞ്ഞേക്കട്ടെ, കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ ശ്രമിച്ചിട്ടും ആട് ആദ്യ ഭാഗം ഇഷ്ടപ്പെടുന്ന ഉദ്യമത്തിൽ ഞാൻ വിജയിച്ചിരുന്നില്ല.എങ്കിലും അതിൽ ഇഷ്ടപ്പെട്ടിരുന്ന കുറെയേറെ കാര്യങ്ങൾ ഉണ്ടായിരുന്നു.ഓരോ കഥാപാത്രങ്ങളുടെയും അവതരണരീതി, അവരുടെ BGM, അവ കൊണ്ടുവന്ന ഫ്രഷ്നസ്സ് അങ്ങനെ അങ്ങനെ.ആ പ്രതീക്ഷയിൽ മാത്രമാണ് ഇടി കൊണ്ടും രണ്ടാം ഭാഗത്തിന് ടിക്കറ്റെടുക്കാൻ തയ്യാറായത്.എന്നാൽ ആ തീയേറ്റർ ആമ്പിയൻസിൽ ഇരുന്ന് ചിത്രം കണ്ടതിന് ശേഷം വല്ലാത്ത സന്തോഷത്തിലായിരുന്നു.

പ്രതീക്ഷക്ക് വിപരീതമായി രണ്ടാം ഭാഗം വളരെയേറെ അർമാധിച്ചാണ് കണ്ടുതീർത്തത്.ഓരോ കഥാപാത്രങ്ങളുടെയും ഇൻട്രോ സീനുകളിൽ തീയേറ്ററിൽ ഉണ്ടായ കയ്യടിയും ആർപ്പുവിളികളും അക്ഷരാർത്ഥത്തിൽ നന്നേ ബോധിച്ചു.അബുവും ക്ളീറ്റസും പാപ്പനും ആദ്യം കിട്ടിയ സ്വീകരണം ഒന്ന് വേറെ തന്നെയായിരുന്നു.അങ്ങനെ രസകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോളാണ് ഇഷ്ടകഥാപാത്രമായ DUDEന്റെ വരവ്.സത്യത്തിൽ സിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് Dude തന്നെയാണ്.പൊറോട്ടയടി സീനും entertainment സീനുമൊക്കെ ഇടക്കിടക്ക് ഓർതോർത്ത് ചിരിക്കാൻ വക നൽകുന്നുണ്ട്.എന്നാൽ അവസാനം പുള്ളിക്കാരന് നല്ലൊരു പര്യവസാനം നൽകിയില്ല എന്ന് തോന്നി.

ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങൾക്ക് രണ്ടാം ഭാഗത്തിൽ വേണ്ടത്ര റോൾ കിട്ടിയില്ല.സാത്താനും സോമനും പ്രതീക്ഷിച്ചത്ര റോളില്ല.ഹക്കീമിനെ സ്ക്രീനിൽ കണ്ടത് പോലുമില്ല.ലോലൻ ആളാകെ മാറിപ്പോയി.അങ്ങനെ എന്തൊക്കെയോ പോരായ്മകൾ.

ചില ആനുകാലിക വിഷയങ്ങളെ തൊട്ടുരുമ്മിപ്പോവുന്നുണ്ട് ചിത്രം.നോട്ട് നിരോധനവും GSTയും പിണറായിയുടെ 'കടക്ക് പുറത്ത്' ഡയലോഗും വളരെ രസകരമായി കോർത്തിണക്കിയിട്ടുണ്ട് സന്ദർഭങ്ങളിൽ.നോട്ട് നിരോധന സമയവും GST നടപ്പാക്കിയ സമയവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നത് വേറൊരു പോയിന്റ്.അങ്ങനെ ഓർതോർത്ത് ചിരിക്കാൻ വക നൽകുന്ന ഒരുപിടി നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ച് മുന്നോട്ട് പോവുമ്പോഴാണ് സിനിമയുടെ ക്ളൈമാക്സ് എത്തിയത്.എന്നിൽ അവിടെ പ്രതീക്ഷയൊക്കെ തകിടം മറിച്ചു.

നല്ല അറുബോറൻ ക്ളൈമാക്സ് ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റേത്.ഒരു കൂട്ടപ്പൊരിച്ചിൽ പ്രതീക്ഷിച്ച് ചിരിക്കാൻ റെഡിയായി ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരെണ്ണം കൊണ്ട് സിനിമ അവസാനിപ്പിച്ചത്.ആകെ നിരാശ മാത്രം സമ്മാനിച്ച ക്ളൈമാക്സ് ആയെന്ന് പറയാതെ വയ്യ.

ആകെ മൊത്തത്തിൽ ലോജിക്കിനെ വീട്ടിൽ പൂട്ടിക്കെട്ടി വെച്ച് തീയേറ്ററിലേക്ക് വരിക.ഓടിയൻസിനോടൊപ്പം ആർമാധിച്ച് കാണുക.Non-Stop ചിരി.അതാണ് ആട് 2 വാഗ്ദാനം ചെയ്യുന്നത്.

🔻On Screen🔻
പാപ്പനായി ജയസൂര്യ വീണ്ടും മിന്നിച്ചു.വിനായകന്റെ മറ്റൊരു കിടിലൻ പെർഫോമൻസ് ആയിരുന്നു ഇത്തവണ.സൈജു കുറുപ്പും വിജയ് ബാബുവും ഇന്ദ്രൻസും തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.കയ്യടി വാരിക്കൂട്ടുന്നതിൽ ആർക്കും യാതൊരു ധാക്ഷണ്യവും ഉണ്ടായിരുന്നില്ല.

🔻Music & Technical Sides🔻
ആദ്യ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലസംഗീതം തന്നെയാണ് ഇത്തവണ ഓരോ കഥാപാത്രങ്ങൾക്കും.അത് തന്നെയാണ് ഓരോ കഥാപാത്രങ്ങളുടെയും ഹൈലൈറ്റ്.കൂടെ ഗാനങ്ങളും തരക്കേടില്ലായിരുന്നു.

🔻Final Verdict🔻
ആട് 2 തീയേറ്ററിൽ കണ്ടതോടെ ഒരു കാര്യം ബോധ്യമായി.ഈ തീയറ്റർ ആമ്പിയൻസിൽ ആദ്യ ഭാഗം തീയ്യേറ്ററിൽ കണ്ടിരുന്നെങ്കിൽ തീർച്ചയായും ഇഷ്ടപ്പെടുമായിരുന്നു.രണ്ടാം ഭാഗത്തിനെക്കാളേറെ ഇപ്പൊ ഇഷ്ടം ആദ്യ ഭാഗത്തോടാണ്.ലോജിക്കിനെ തീയേറ്ററിൽ പുറത്ത് വെച്ച് കാണാൻ കയറുക.രണ്ടേ മുക്കാൽ മണിക്കൂർ പാപ്പനും പിള്ളേരും നിങ്ങളെ ചിരിപ്പിക്കാൻ റെഡിയായി നിൽക്കുകയാണ്.

My Rating :: ★★★☆☆

You Might Also Like

0 Comments