Missing You
July 18, 2019🔻കൊലയാളിയെ വെറും 15 വർഷത്തേക്ക് തടവിലാക്കാൻ ജഡ്ജി വിധിക്കുമ്പോഴും ആ ബാലികക്ക് നിസ്സഹായയായി നോക്കി നിൽക്കുകയെ വഴിയുണ്ടായിരുന്നുള്ളൂ. അമ്മ നഷ്ടപ്പെട്ട തന്റെ എല്ലാമെല്ലാമായ അച്ഛനും അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം തന്റെ കണ്മുന്നിൽ ജീവനറ്റ് കിടക്കുന്ന കാഴ്ചയാണ് അവൾക്ക് കാണേണ്ടി വരുന്നത്. എന്നാൽ കുറവുകൾ അറിയിക്കാതെ അച്ഛന്റെ സഹപ്രവർത്തകർ സ്വന്തം മകളെപോലെ അവളെ വളർത്തി. അങ്ങനെ 15 വർഷങ്ങൾ കടന്നുപോയി. നാടിനെ വിറപ്പിച്ച സീരിയൽ കില്ലർ ജയിൽ മോചിതനായി.
Year : 2016
Run Time : 1h 48min
🔻സീരിയൽ കില്ലർ തീമിൽ ഏറ്റവും കൂടുതൽ സിനിമകൾ കണ്ടിട്ടുള്ളത് കൊറിയൻ ഇൻഡസ്ട്രിയിൽ നിന്നാണ്. എന്നാൽ അതിൽ ഭൂരിഭാഗവും യാതൊരു വിരസതയും തോന്നിക്കാതെ തൃപ്തികരമായ അനുഭവങ്ങളായവയുമാണ്. പുതുമയൊന്നും പ്രതീക്ഷിക്കാതെയാണ് ഈ ചിത്രവും കാണാനിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനുമപ്പുറം പല ഘടകങ്ങൾ കൊണ്ടും മികച്ച അനുഭവമായി മാറി Missing You.
🔻കഥയുടെ ആദ്യ 10 മിനിറ്റ് മാത്രമാണ് മുകളിൽ പരാമർശിച്ചിട്ടുള്ളത്. അതിനപ്പുറം പറയുന്നത് നിങ്ങളോടുള്ള നീതികേടു ആവുമെന്നത് കൊണ്ട് തന്നെ മനഃപൂർവ്വം ഒഴിവാക്കുകയാണ്. പതിവ് സീരിയൽ കില്ലർ കഥ പോവുന്ന വഴിയിലൂടെ ചിത്രം സഞ്ചരിച്ച് തുടങ്ങുമ്പോഴും പ്രതീക്ഷിക്കാത്ത പല ഫാക്റ്ററുകളും ചിത്രത്തെ നമ്മോടടുപ്പിക്കുന്നുണ്ട്. മിസ്റ്ററി എന്ന എലമെന്റ് കൈകാര്യം ചെയ്തിരിക്കുന്ന രീതി തന്നെയാണ് അതിൽ ഏറ്റവും മുന്നിൽ നിൽക്കുക. ഒപ്പം കഥാപാത്രങ്ങളെ നമ്മോടടുപ്പിക്കുന്ന വിധവും.
🔻ഒരു പുതു സംവിധായകന്റേതെന്ന് ഒരിക്കലും തോന്നാത്ത വിധമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചില രംഗങ്ങൾ മാത്രം മതിയാവും അത് ശരിവെക്കാൻ. അത്ര പെർഫെക്ഷൻ നമുക്ക് അനുഭവപ്പെടുത്തുന്നുണ്ട് പല സന്ദർഭങ്ങളും. ക്ലൈമാക്സ് സീക്വൻസിന്റെ അവതരണം എടുത്ത് പറയാതെ വയ്യ. അപാര വിഷ്വലും പെർഫോമൻസും കൊണ്ട് വേറൊരു തലത്തിലേക്ക് നീങ്ങുന്നുണ്ട് അവയൊക്കെ. ചിലപ്പോൾ മനസ്സൊന്ന് മരവിച്ച് പോയേക്കാം അങ്ങനെയൊരു പര്യവസാനത്തിൽ. ഒരേയൊരു പോരായ്മ തോന്നിയതെന്തെന്നാൽ ചില കഥാപാത്രങ്ങൾ തമ്മിലുള്ള ലിങ്ക് എന്താണെന്ന് നമുക്ക് വ്യക്തമാവുന്നില്ല. പക്ഷെ അത് ചിന്തിക്കാനൊട്ട് സമയവും നമുക്ക് നൽകുന്നില്ല എന്നതുകൊണ്ട് അത് മറക്കാവുന്നതേ ഉള്ളൂ.
🔻ഗംഭീര പ്രകടനങ്ങളുടെയും മികവ് പുലർത്തുന്ന ടെക്നിക്കൽ സൈഡുകളുടെയും സംവേദന വേദി കൂടിയാണ് Missing You. മേൽ പറഞ്ഞത് പോലെ ക്ലൈമാക്സ് സീക്വൻസിലെ സിനിമാറ്റോഗ്രഫിയുടെ അഴക് കണ്ടനുഭവിക്കേണ്ടത് തന്നെ. ചെറിയ തോതിലുള്ള വയലൻസ് കില്ലറുടെ മനോഭാവത്തെ വ്യക്തമായി അടയാളപ്പെടുത്തുമ്പോൾ ഭയവും ആകാംഷയും ഒരുപോലെ നിറക്കുന്നതിൽ അവ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
🔻FINAL VERDICT🔻
പതിവ് സീരിയൽ കില്ലർ ശ്രേണിയിൽ പെട്ട സിനിമകളിൽ തന്റേതായ കയ്യൊപ്പ് പതിക്കാൻ ശ്രമിക്കുന്ന ഒരു സംവിധായകന്റെ സിനിമയാണ് നമുക്കിവിടെ കാണാൻ സാധിക്കുക. ആ മാറ്റം കഥയിലും അവതരണത്തിലും ഒരുപോലെ വീക്ഷിക്കാനാവുമ്പോൾ അൽപ്പം പുതുമയുള്ള ഒരനുഭവം തന്നെയാണ് ചിത്രം നമുക്ക് സമ്മാനിക്കുക. എല്ലാ തലങ്ങളിലും പരമാവധി പെർഫെക്ഷൻ നമുക്ക് അനുഭവിക്കാൻ സാധിക്കുന്നിടത്ത് ഒരു മികച്ച ചിത്രമായി മാറുന്നു Missing You.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments