On The Basis Of Sex
April 08, 2019🔻ഭർത്താവിന്റെ തൊഴിലിനെ പറ്റി കൂടുതൽ അറിയുക. അതിനനുസരിച്ച് തന്റെ ജീവിതശൈലിയെ അദ്ദേഹത്തിന്റേത് പോലെ ക്രമപ്പെടുത്തുക. ഹാർവാർഡ് ലോ സ്‌കൂളിൽ ചേരുമ്പോൾ അത്ര മാത്രമായിരുന്നു റൂത്തിന്റെ മനസ്സിൽ. എന്നാൽ ഭാവിയിൽ തൻ അമേരിക്കയുടെ തന്നെ ചരിത്രത്തിലെ വിപ്ലവകാരികളിൽ ഒന്നായി മാറുമെന്ന് അവൾ അറിഞ്ഞിരുന്നില്ല.
Year : 2018
Run Time : 2h
🔻തന്റെ ജീവിത സാഹചര്യങ്ങൾ തന്നെയായിരുന്നു റൂത്തിന്റെ കരിയർ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ച് വിട്ടത്. പുരുഷന്മാർക്ക് മാത്രം പഠിക്കാൻ അവകാശമുണ്ടായിരുന്ന ഹാർവാർഡ് സ്‌കൂളിൽ സ്ത്രീകളോടുള്ള വിവേചനത്തിൽ നിന്നായിരുന്നു അതിന്റെ പ്രാഥമിക ഘട്ടം തുടങ്ങിയത്. പിന്നീട് തനിക്ക് ചുറ്റുമുള്ള ഓരോ കാര്യങ്ങളിലും സ്ത്രീ-പുരുഷ വിവേചനവും ഒപ്പം റേസിസവും കണ്ടുമടുത്തപ്പോൾ റൂത്ത് മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. എന്നെങ്കിലുമൊരിക്കൽ ഇതിനൊരു മാറ്റം കൊണ്ടുവരാനായി താൻ പ്രവർത്തിക്കുമെന്ന്..!!
🔻ഒരു ബയോഗ്രഫി ആയതുകൊണ്ട് തന്നെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതിനാണ് ഏറ്റവും കൂടുതൽ സമയം ഉപയോഗിച്ചിരിക്കുന്നത്. റൂത്തിന്റെ മനം മാറ്റത്തിനുണ്ടായ കാരണങ്ങൾ വ്യക്തമായി തന്നെ പരാമർശിക്കുമ്പോൾ ആ പ്രതിഭാശാലിയുടെ വളർച്ചയെ, അല്ലെങ്കിൽ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ അടയാളപ്പെടുത്തുകയാണ് ചിത്രം. അതുകൊണ്ട് തന്നെ ഒരു മാറ്റം ആ കഥാപാത്രം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. തുടർന്ന് പ്രധാന കഥയിലേക്ക് കടക്കുമ്പോൾ അതിന്റെ ഇന്റെൻസിറ്റി നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.
🔻ഒരു ത്രില്ലർ അല്ലെങ്കിൽ കോർട്ട് റൂം ഡ്രാമ എന്നതിനേക്കാളേറെ അമേരിക്കയുടെ സാമൂഹിക സാഹചര്യങ്ങളെ പരമാവധി പരിചയപ്പെടുത്തിയാണ് കഥ മുന്നോട്ട് പോവുന്നത്. പക്ഷെ അതിലും കഥ ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഒരു ത്രിൽ ഫാക്ടർ കാണാനാവും. Sex Discriminationന്റെ ഓരോ നിയമങ്ങളും അരിച്ചുപെറുക്കി സിനിമയിൽ അവതരിപ്പിക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നതിൽ ലോ സ്‌കൂളിൽ നിയമത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞ് തന്നവർക്ക് പോലും എത്രത്തോളം വിവേചനം ഉണ്ടെന്ന് കാട്ടിത്തരുന്നുണ്ട് ചിത്രം. Male Dominationന്റെ പരമോദാഹരണങ്ങളായി കാണിക്കുന്ന രംഗങ്ങളൊക്കെയും വളരെ മികച്ച് നിന്നു. ഒപ്പം വെറുമൊരു ലോ സ്റ്റുഡന്റിൽ നിന്ന് ഒരുഭിഭാഷകയിലേക്കും തുടർന്ന് സുപ്രീം കോടതി ജഡ്ജിയിലേക്കുമുള്ള വളർച്ച അത്ഭുതാവഹം തന്നെ.
🔻Felicity Jonesന്റെ Frustration റൂത്ത് എന്ന കഥാപാത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഗംഭീരമായാണ്. ഒടുവിലെ കോർട്ട് റൂം രംഗമായാൽ തന്നെ ആ സ്വഭാവം കയ്യടി വാങ്ങിക്കൂട്ടുന്നതിനോടൊപ്പം ഏതൊരാളിലും ആവേശം നിറക്കാൻ പോന്നതാണ്. Armie Hammerന്റെ മികച്ച വേഷവും ചിത്രത്തിൽ കാണാം. Thurgood Marshall റെഫറൻസുകൾ വരുമ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് ഭംഗിയായി കോർത്തിണക്കിയിട്ടുണ്ട്.
🔻FINAL VERDICT🔻
ഒരു ബയോഗ്രഫി എന്ന രീതിയിൽ ചിത്രത്തെ സമീപിച്ചാൽ മികച്ച ഒരനുഭവം തന്നെയാവും ചിത്രം സമ്മാനിക്കുക. ഈ ലോകത്ത് ഒരു രാത്രി കൊണ്ട് നടത്തിയ പരിവർത്തനമല്ലല്ലോ നമ്മുടെ മുന്നിലുള്ളതും നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നതുമായ സ്വാതന്ത്ര്യം. ഒരുപാട് പേരുടെ ജീവനിലും പരിശ്രമത്തിലും പടുത്തുയർത്തിയതാണ് നാം ഇപ്പോ ആസ്വദിക്കുന്നതെന്തും. തങ്കലിപികൾ കൊണ്ട് എഴുതിച്ചേർക്കപ്പെടേണ്ട ഒരു വിപ്ലവകാരിയുടെ ജീവിതം കാണാം, ഇനിയും ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കാം..!!
AB RATES ★★★½
0 Comments