🔻മലയാള സിനിമയിൽ ഇപ്പോളുള്ളതിൽ മിനിമം ഗ്യാരന്റി ഉറപ്പ് പറയാവുന്ന നടനായി മാറിക്കഴിഞ്ഞിരിക്കുന്നു ഫഹദ് ഫാസിൽ. തിരഞ്ഞെടുക്കുന്ന സിനിമകളിൽ ഒരു ജേണറിൽ തന്നെ സ്ഥിരമാക്കാതെ വൈവിധ്യങ്ങൾ ശീലിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. മുൻ ചിത്രങ്ങളിൽ നിന്ന് അത് വ്യക്തമാണ്.അതിൽ നിന്നെല്ലാം പാടെ വ്യത്യസ്തമായ കഥയും ജേണറും കൈകാര്യം ചെയ്യുന്ന ചിത്രവുമായാണ് അദ്ദേഹത്തിന്റെ ഈ വരവ്.
🔻കഥയിലേക്ക് കാര്യമായി കടക്കുന്നില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മെന്റൽ അസൈലത്തിലേക്ക് ചെക്കിങ്ങിനും റിപ്പോർട്ട് കൊടുക്കുന്നതിനുമായി വന്ന ഡോക്ടറുടെയും അവിടുത്തെ രോഗികളുടെയും കഥയാണ് ചിത്രം മിസ്റ്ററിയിൽ പൊതിഞ്ഞ് പറയുന്നത്. മലയാളസിനിമ അധികം കണ്ട് ശീലിച്ചിട്ടില്ലാത്ത സൈക്കോളജിക്കൽ ത്രില്ലർ എന്ന ജേണറിൽ അതിരനെ ഉൾപ്പെടുത്താം. കാരണം അതിനോട് ചിത്രം നീതി പുലർത്തുന്നു എന്നത് തന്നെ.
🔻മികവ് പുലർത്തുന്ന ഫാക്റ്ററുകളുടെ സംയോജനവേദിയാണ് അതിരൻ. കഥാപാത്രങ്ങളുടെ എക്സ്പോസിഷൻ തന്നെ അതിന് പ്രഥമ ഉദാഹരണമായി എടുക്കാം. ഫഹദിന്റെ കഥാപാത്രം അവിടേക്ക് വന്ന് ചേരുന്നത് മുതലുള്ള സന്ദർഭങ്ങളിൽ തുടങ്ങുന്ന മിസ്റ്ററിയുടെ മറ ഒടുക്കം വരെ കാത്തുസൂക്ഷിക്കാൻ ചിത്രത്തിനായിട്ടുണ്ട്. സ്ക്രീനിൽ വരുന്ന പ്രധാന കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായ വ്യക്തിത്വവും സ്വഭാവവും സമ്മാനിക്കുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്. ഈ കാര്യങ്ങളിൽ ഊന്നിയുള്ള അവതരണത്തെ ഒരു പിടിയും തരാതെ ഗംഭീരമായി അവതരിപ്പിക്കുന്നതിൽ നവാഗതനായ വിവേക് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ അത്രത്തോളം നിഗൂഢതകൾ ഒളിപ്പിച്ച് വെക്കുന്നുണ്ട് ചിത്രം. ഹുസ്സൈൻ എന്ന ചിത്രകാരന്റെ കഥാപാത്രത്തെ അതിനായി ഉപയോഗിച്ചിരിക്കുന്നത് സമർത്ഥമായാണ്. അത്തരത്തിൽ ആദ്യ പകുതിയിൽ ഒരുപാട് മികച്ച അനുഭവങ്ങൾ നൽകുന്നുണ്ട് ചിത്രം.
🔻ഇടവേളക്ക് ശേഷം രണ്ടാം പകുതിയിലേക്ക് വരുമ്പോൾ കാര്യങ്ങൾ തെല്ലൊന്ന് മാറുന്നുണ്ട്. ഒരൽപം വിരസത തുടക്കത്തിൽ നൽകുന്നുണ്ട് കഥ. അതിന് ശേഷം വീണ്ടും ട്രാക്കിലാവുന്നതോടെ കാര്യങ്ങൾ വീണ്ടും പഴയപടി ആവുന്നുണ്ട്. ഒടുക്കം നല്ലൊരു ക്ലൈമാക്സ് കൂടിയാവുമ്പോൾ തൃപ്തി നൽകുന്നു അതിരൻ. നിരന്തരം സിനിമ കാണുന്നവർക്ക് ക്ലൈമാക്സ് ഊഹിക്കാനാവുമെങ്കിലും അതിന്റെ അവതരണമികവ് പ്രശംസിക്കാതെ വയ്യ. ഒരുതരത്തിൽ കയ്യടിച്ച് കാണാവുന്ന രംഗങ്ങളാൽ ക്ലൈമാക്സ് നിറയുന്നു.
🔻സായി പല്ലവിയുടെ നിത്യ എന്ന കഥാപാത്രത്തിന്റെ അവതരണം വളരെ മികച്ച് നിന്നു. സിനിമയുടെ ഏറ്റവും മികച്ച ഫാക്റ്ററുകളിൽ ഒന്നായി ആ കഥാപാത്രം. ഒപ്പം ഫഹദിന്റെ കഥാപാത്രവും അങ്ങനെ തന്നെ. അതുൽ കുൽക്കർണിയുടെ കഥാപാത്രം ചില സംഭാഷണങ്ങളിലൂടെയാണ് അസ്തിത്വം കൈവരിക്കുന്നത്. ചില ഹോളിവുഡ് സിനിമകളോട് തോന്നുന്ന ചായകാച്ചൽ കണ്ണടക്കാവുന്നതേ ഉള്ളൂ. ഒരു തരത്തിൽ ബുജി പട്ടം ചാർത്തപ്പെട്ടവർക്കും സാധാരണ പ്രേക്ഷകർക്കും ഒരേ തരത്തിൽ ഇഷ്ടപ്പെടുന്ന അവതരണമികവാണ് അതിരന്റെ ഏറ്റവും വലിയ പോസിറ്റിവ്. അതുകൊണ്ട് തന്നെ ബോക്സ് ഓഫീസിൽ ചിത്രം വിജയം അർഹിക്കുന്നുണ്ട്. പരീക്ഷണ സിനിമകൾ മലയാളികൾക്ക് ദഹിക്കില്ല എന്ന ചീത്തപ്പേര് മാറ്റാനും ഇനിയും ഇത്തരം ചിത്രങ്ങൾ സ്വീകാര്യമാവാനും അതിരൻ നല്ലൊരു തുടക്കം സമ്മാനിക്കും.
🔻ഫഹദിന്റെയും സായി പല്ലവിയുടെയും മെയ്വഴക്കം അപാരം തന്നെ. ആക്ഷൻ രംഗങ്ങളിൽ ഇരുവരുടെയും പാടവം നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട് ചിത്രം. തങ്ങളുടെ കഥാപാത്രം ഇരുവരും ഭംഗിയാക്കിയപ്പോൾ അതുൽ കുൽക്കർണി തന്റെ റോൾ നന്നായി ചെയ്തു. ഇതിനോടൊപ്പം തന്നെ കഥാപാത്രങ്ങളായി നിന്നവയാണ് ഛായാഗ്രഹണവും പശ്ചാത്തല സംഗീതയും.
🔻അനുവിന്റെ ക്യാമറ വർക്കുകൾ കൊതിപ്പിക്കും വിധമാണ്. മിസ്റ്ററിയെ അതിന്റെ മൂർദ്ധാവിൽ എത്തിക്കുന്ന ഷോട്ടുകളും അതിനൊപ്പമുള്ള ലൈറ്റിങ്ങുകളും. ജിബ്രാന്റെ ഗംഭീര ബിജിഎം വർക്കുകൾ അവതരണത്തിന് ഒത്ത പിന്തുണ നൽകുമ്പോൾ അയൂബ് ഖാന്റെ എഡിറ്റിങ്ങ് ശരിക്കും മോഹിപ്പിച്ചു. അത്തരത്തിൽ ടെക്നിക്കൽ വശങ്ങളുടെ കൂടെ മികവാണ് അതിരന്റെ കാഴ്കച്ചകളിൽ താൽപര്യം ജനിപ്പിക്കുന്നത്.
🔻FINAL VERDICT🔻
ഒരുപക്ഷെ മലയാളസിനിമക്കും പ്രേക്ഷകർക്കും വൈവിധ്യമാർന്ന ആസ്വാദനതലം സൃഷ്ടിച്ചെടുക്കാനുള്ള തുടക്കം സമ്മാനിക്കുകയാവും അതിരന്റെ നിയോഗം. എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനുള്ള അവതരണശൈലി സംവിധായകൻ സ്വായത്തമാക്കുമ്പോൾ കയ്യടിച്ച് തീയേറ്റർ വിടാനുള്ള അനുഭൂതി സമ്മാനിക്കുന്നു ചിത്രം.
AB RATES ★★★½