Becoming Astrid -AKA- Unga Astrid

May 02, 2019



🔻തനിക്ക് കിട്ടിയ ഓരോ കത്തുകൾ പൊട്ടിച്ച് വായിക്കുമ്പോഴും തന്റെ ഭൂതകാലത്തേക്കായിരുന്നു ആസ്ട്രിഡിന്റെ മനസ്സ് സഞ്ചരിച്ചത്. ലോകമെമ്പാടുള്ള കുട്ടികളും തന്നെ പ്രകീർത്തിച്ചുകൊണ്ടും നന്ദി അറിയിച്ചുകൊണ്ടും പല തരത്തിലുള്ള സന്ദേശങ്ങൾ അയക്കുമ്പോഴും താനെങ്ങനെ ഈ നിലയിലായി എന്ന ഓർമ്മകൾ ഇപ്പോഴും അവളെ വേട്ടയാടിയിരുന്നു.

Year : 2018
Run Time : 2h 3min

🔻തന്റെ കഴിവുകളെ അംഗീകരിച്ച ഒരാൾ എന്ന രീതിയിൽ റെയ്‌നോൾഡിനോട് ആസ്ട്രിഡിന് ബഹുമാനവും അതിലേറെ സ്നേഹവും ആയിരുന്നു. ഭാര്യയുടെ ഡിവോഴ്സ് സമ്മർദ്ദം മൂലം പലപ്പോഴും വിഷമത്തിലായി കാണപ്പെട്ട റെയ്നോൾഡുമായി ഒരു നേരം സമ്പർക്കം പുലർത്തിയപ്പോൾ പ്രതീക്ഷിക്കാത്ത പല വഴിത്തിരിവുകളിലേക്കാണ് ആസ്ട്രിഡിന്റെ ജീവിതം സഞ്ചരിച്ചത്. ഒരുപക്ഷെ ആ പ്രായത്തിൽ ആരും അഭിമുഖീകരിക്കാൻ മടിക്കുന്ന, ജീവിതത്തിൽ നന്നേ ബുദ്ധിമുട്ട് അനുഭവിച്ച ഒരു കാലഘട്ടം. ആസ്ട്രിഡിനെ ഈ നിലയിലാക്കിയത് ചിലപ്പോൾ ആ സംഭവങ്ങൾ ആയിരുന്നിരിക്കാം.

🔻ലോകപ്രശസ്ത എഴുതുകാരിയായ Astrid Lindgrenന്റെ കഥയാണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നത്. കുട്ടികൾക്ക് വേണ്ടി എഴുതുകയും മറ്റ് ഭാഷകളിൽ നിന്ന് സ്വീഡിഷിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്തിരുന്ന ആസ്ട്രിഡും ആസ്ട്രിഡിന്റെ കഥാപാത്രങ്ങളും വളരെ പെട്ടെന്ന് തന്നെ കുട്ടികൾക്കിടയിൽ സുപരിചിതമായി മാറിയിരുന്നു. ഈ സിനിമ കൈകാര്യം ചെയ്യുന്നത് ആസ്ട്രിഡിന്റെ കൗമാര കാലഘട്ടമാണ്. തന്റെ കഴിവുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആസ്ട്രിഡിന് കിട്ടിയ അവസരം മുതലാണ് കഥ തുടങ്ങുന്നത്.

🔻ആസ്ട്രിഡിന്റെ ജീവിതത്തോട് 100% നീതി പുലർത്തിയ ഒരു ചിത്രമായാണ് പല വായനകൾക്ക് ശേഷം എനിക്ക് തോന്നിയത്. അതിനാടകീയതയോ ഓവർ മെലോഡ്രാമയോ ഇല്ലാത്ത നല്ലൊരു ചിത്രം. ആസ്ട്രിഡിന്റെ കഥാപാത്രം എപ്പോഴും പുഞ്ചിരിയോടെ വീക്ഷിക്കുവാൻ താല്പര്യമുള്ള ഒരാളാണ്. അയാളിൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ എങ്ങനെ ബാധിക്കുമെന്ന് ചിത്രത്തിൽ വ്യക്തമാണ്. അത് ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. അതിൽ അതിശയോക്തി തെല്ലും തോന്നുകയുമില്ല. പ്രായത്തിന്റേതായ കുസൃതികൾ നിറഞ്ഞുനിൽക്കുന്ന ആ പ്രായത്തിൽ താൻ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ മാറ്റങ്ങൾ തന്റെ കഥാപാത്രത്തിലും ശരീരഭാഷ്യത്തിലും കൊണ്ടുവരാൻ ആൽബ അഗസ്റ്റിന് സാധിച്ചിടത്ത് വൻ വിജയമാവുന്നുണ്ട് ഈ കഥാപാത്രം.

🔻ഒരമ്മയെന്ന രീതിയിൽ തന്റെ മകനെ പരിപാലിക്കുന്ന രംഗങ്ങൾ മനോഹരമായിരുന്നു. ജന്മം നൽകിയിട്ടും മകനിൽ നിന്ന് സ്നേഹം ലഭിക്കാതെ, അത് മറ്റൊരാൾ ഏറ്റുവാങ്ങുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയുടെ പോട്രെയൽ മികച്ചുനിന്നു. ഒരു പോരായ്മയായി തോന്നിയതെന്തെന്നാൽ ആസ്ട്രിഡിന്റെ എഴുത്തുകാരിയായി രൂപപ്പെട്ട കാലഘട്ടം തീരെ പരാമർശിക്കുന്നില്ല എന്നതാണ്. കൗമാരത്തിലേക്ക് മാത്രം കേന്ദ്രീകരിച്ചപ്പോൾ ബാക്കി കാലഘട്ടങ്ങളെ പറ്റി പറയാൻ മറന്നുപോയി. അതുകൊണ്ട് തന്നെ ഒരു വായനയില്ലാതെ ആസ്ട്രിഡിനെ പറ്റി അറിയുക അസാധ്യം.

🔻പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധമുള്ള Costume Design നന്നേ ബോധിച്ചു. ഒപ്പം Art വർക്കുകളും.
 രംഗങ്ങളെ മനോഹരമായി പകർത്തിയെടുത്ത ക്യാമറ വർക്കുകളും വളരെ ലളിതമായി മാത്രം പശ്ചാത്തലത്തിൽ വിരുന്ന് വരുന്ന സംഗീതവും മനോഹരം.

🔻FINAL VERDICT🔻

ജീവിതത്തോട് നീതി പുലർത്തിയ സിനിമ എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. ആസ്ട്രിഡ് എന്ന എഴുത്തുകാരിയുടെ ദുർഘടമായ ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന രീതിയിൽ നല്ലൊരു അനുഭവം തന്നെയായിരുന്നു ചിത്രം. ബയോഗ്രഫികൾ ഇഷ്ടപ്പെടുന്നവർക്ക് മടിക്കാതെ സമീപിക്കാം ചിത്രത്തെ.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments