🔻അസ്ഹർ ഫർഹാദിയുടെ സിനിമകൾ കാണുമ്പോൾ ഒരു ത്രില്ലർ കാണുന്ന പ്രതീതിയാണ് മനസ്സിനുണ്ടാവുക. അത്ര ഗംഭീരമായി ടെൻഷൻ ക്രിയേറ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ കഥകൾക്ക് സാധിച്ചിട്ടുണ്ട്. കേവലം മാനുഷിക വികാരങ്ങളിൽ പടുത്തുയർത്തി കഥകളാവാം എല്ലാം. എന്നാൽ അത് നമ്മിലുണ്ടാക്കുന്ന പ്രഹരം പ്രതീക്ഷക്കുമപ്പുറമാണ്.
Year : 2013
Run Time : 2h 10min
🔻4 വർഷങ്ങൾക്ക് ശേഷമാണ് അഹമ്മദ് തന്റെ നാട്ടിലേക്ക് തിരിച്ച് വരുന്നത്. ഭാര്യ മേരിയുമായുള്ള ഡിവോഴ്സ് നടപ്പാക്കാനായിരുന്നു ആ വരവ്. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പെരുമാറുമ്പോഴും അകമേ പല രഹസ്യങ്ങളും ഒളിപ്പിച്ച് വെച്ചിരുന്നു. ഓരോ നിമിഷം കഴിയുന്തോറും അവ ഓരോന്നായി വെളിപ്പെട്ട് തുടങ്ങുന്നു. തുടർന്ന് തങ്ങളുടെ നിയന്ത്രണങ്ങൾക്കതീതമായ ഒരു സന്ദർഭം അവിടെ രൂപപ്പെടുന്നു.
🔻തന്റെ പതിവ് ആഖ്യാന ശൈലി തന്നെ അസ്ഹർ ഫർഹാദി ഇവിടെ പിന്തുടരുമ്പോൾ കേവലം ചില മനുഷ്യരിൽ ഒതുങ്ങുന്ന കഥക്ക് എത്രത്തോളം ജീവൻ വെച്ചു എന്ന് കണ്ടറിയേണ്ടതുണ്ട്. കഥാപാത്രവികസനത്തിൽ ഫർഹാദിയോളം മികവ് പുലർത്തുന്ന ഒരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല. ആ മാതൃക തന്നെ ഇവിടെയും സ്വായത്തമാകുമ്പോൾ ഗംഭീരമായ ഒരു കഥക്കാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ വഴി പാകുന്നത്. അതാവട്ടെ നമുക്ക് വളരെയേറെ Relate ചെയ്യാനാവുന്നതും.
🔻അഹമ്മദ്, സമീർ, മേരി, ലൂസി തുടങ്ങി കൊച്ചുകുട്ടികൾക്ക് വരെ അവരുടേതായ വ്യക്തിത്വം സംവിധായകൻ സമ്മാനിക്കുമ്പോൾ ഏവരും കഥയുടെ സുപ്രധാന ഭാഗമാവുകയാണ്. അതിൽ ഒരാളിലെങ്കിൽ മറ്റൊരാളിൽ അത് സാരമായ വിള്ളൽ ഏല്പിക്കും എന്ന മട്ടിലാവുന്നുണ്ട് കഥയുടെ സഞ്ചാരം. പ്രതീക്ഷിക്കാത്ത സ്ഥലത്ത് പല വഴിത്തിരിവുകളും നാം നേരിടേണ്ടി വരുമ്പോൾ ചെറുതല്ലാത്ത അസ്വസ്ഥത അവ നമുക്ക് സമ്മാനിക്കുന്നുണ്ട്. അത് തന്നെയാണല്ലോ സംവിധായകന്റെ വിജയവും. തുടക്കം മുതൽ ഒടുക്കം വരെ സഞ്ചരിക്കുമ്പോഴാണ് എല്ലാ കഥാപാത്രങ്ങളും പൂർണ്ണത കൈവരിക്കുക എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അതായത് അവസാനം വരെ വഴിത്തിരിവുകൾ നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് സാരം.
🔻Tahar Rahim അവതരിപ്പിച്ച സമീർ എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണത ഇന്നോളം മുൻ മാത്രകകൾ ഇല്ലാത്തതാണ്. ഒരുപക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽ തന്നെ ഏറ്റവും സങ്കീർണ്ണമായ ഒന്നാണ് സമീർ എന്ന മനുഷ്യൻ.തന്റെ മുന്നിലുള്ള രണ്ട് ചോയിസുകൾക്കിടയിൽ നട്ടം തിരിയുന്ന ഒരുവൻ. ഇറാനിയൻ സിനിമകൾ ഇത്രയേറേ ഇഷ്ടപ്പെടുന്നത് ഇത്തരം കഥാപാത്രങ്ങൾ അവിടെ മാത്രമേ അനുഭവിച്ചറിയാൻ കഴിയൂ എന്നത് കൊണ്ടുതന്നെ. ഒപ്പം മേരിയുടെ കഥാപാത്രവും ലൂസിയുടെ മനസികവ്യവഹാരങ്ങളും സ്പർശിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും സാക്ഷിയായി അഹമ്മദിന്റെ കഥാപാത്രം നിൽക്കുമ്പോൾ നമ്മൾ കൂടി ഭാഗമായ ഒരു സൊസൈറ്റിയിൽ നടക്കുന്ന കഥയെന്ന തോന്നൽ ഉണ്ടാവുന്നു കാണികൾക്ക്.
🔻FINAL VERDICT🔻
അസ്ഹർ ഫർഹാദി എന്ന അതികായന്റെ മാന്ത്രിക സ്പര്ശമേറ്റ മറ്റൊരു മാസ്റ്റർപീസ് ആണ് ഈ ഭൂതകാലം നമുക്ക് ഒരുക്കി വെച്ചിട്ടുള്ളത്. കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് കഥ രൂപപ്പെടുത്തുന്ന ശൈലി ഈ ചിത്രത്തിലും അവലംബിക്കുമ്പോൾ പിരിമുറുക്കത്തോടെയല്ലാതെ കണ്ടുതീർക്കാനാവില്ല ഈ ചിത്രം. തീർച്ചയായും കാണേണ്ട ഒന്ന് തന്നെയാണ് എന്ന് അടിവരയിട്ടുകൊണ്ട് നിർത്തുന്നു.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests