"47 വർഷങ്ങൾക്ക് ശേഷമുള്ള ഈ ഫോണ്കോള് ഒരു മടക്കയാത്രക്കുള്ള തുടക്കമാണ്.അത്രതന്നെ വർഷങ്ങൾ മുമ്പുള്ള ഓർമകളിലേക്ക്.എന്റെ പഴയ വീട്ടിലേക്ക്.അവനിലേക്കും"
🔻Story Line🔻
ജീവിതത്തിന്റെ സിംഹഭാഗവും സന്തോഷത്തോടെ ജീവിച്ച് വാർധക്യത്തിലേക്ക് കടന്ന കിമ്മിന് അപ്രതീക്ഷിതമായാണ് ആ ഫോൺകോൾ എത്തിയത്.താൻ ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടും സ്ഥലവും വങ്ങാനായി താല്പര്യം പ്രകടിപ്പിച്ച് ഒരാൾ എത്തിയിരിക്കുന്നു.എന്നാൽ കിമ്മിനെ അതിശയിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു.തുടർന്ന് കിമ്മിന്റെ പഴയ ഓർമകളിലേക്ക് ഒരു യാത്രയാണ്.
🔻Behind Screen🔻
ഫാന്റം ഡിറ്റക്ടീവിന്റെ സംവിധായകനായ Sung-Hee Jo കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് A Werewolf Boy.ഒരു ഫാന്റസി-റൊമാന്റിക്ക് സിനിമയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
ഒരു വ്യക്തിയെ മരണം വരെ വേട്ടയാടുന്നത് അയാളുടെ ഓർമകളാണ്.എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഏതെങ്കിലുമൊരു തട്ടിൽ അവ എന്നും മായാതെ അവശേഷിക്കും.നാല്പത്തി ഏഴ് വർഷങ്ങൾക്ക് ശേഷം കിമ്മിന്റെ ജീവിതത്തിലും സംഭവിച്ചത് അത് തന്നെയാണ്.
തന്റെ ചെറുപ്പത്തിൽ പുതിയ വീട്ടിലേക്ക് താമസം മാറാൻ അവർക്ക് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ.കിമ്മിന്റെ ആസ്ത്മയുടെ മൂർച്ഛിച്ച അവസ്ഥ.എന്നാൽ ആ കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു അതിഥി അവരെ കാത്തിരിപ്പുണ്ടായിരുന്നു ആ വീട്ടിൽ.വീടിനോട് ചേർന്ന ഷെഡിൽ ചെറിയ അനക്കം കേട്ട് അകത്തേക്ക് കയറിയ അവരെ കാത്തിരുന്നത് ഒരു വിചിത്രമായ കഥാപാത്രമായിരുന്നു.
പ്രത്യക്ഷത്തിൽ മനുഷ്യന്റെ രൂപമാണ് അവന്.എന്നാൽ സ്വഭാവരീതികൾ വളരെ വിചിത്രവും.ആദ്യമൊക്കെ ഒരു അവഗണന കിമ്മിനുൽപ്പടെ തോന്നിയെങ്കിലും ഓരോ നിമിഷം കഴിയും തോറും അവർ തമ്മിലുള്ള അകലം ഗണ്യമായി കുറയുകയായിരുന്നു.പിന്നീട് അവർ എപ്പോഴും ഒരുമിച്ചാവാൻ ശ്രമിച്ചു.അവരുടെ വിധത്തിൽ ആശയങ്ങൾ കൈമാറി.മനുഷ്യരെ പോലെ ആവാൻ അവനെ പടിപ്പിക്കാൻ ശ്രമിച്ചു.അങ്ങനെ അത് അവളിൽ ഒരു സ്നേഹമായി മാറി.
ചിത്രം മുന്നോട്ട് പോവുന്തോറും മേലോഡ്രാമയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അത് തന്നെയാണ് സിനിമയുടെ സൗന്ദര്യവും.വളരെ മനോഹാരമായിട്ടാണ് അവർ തമ്മിലുള്ള ബന്ധവും മാനസികമായ അടുപ്പവും പല ഘട്ടങ്ങളിലും കാണിച്ചിരിക്കുന്നത്.വളരെ പതിഞ്ഞ താളത്തിൽ മുന്നോട്ട് പോയി മനസ്സിൽ ഒരു പ്രത്യേകതരം അനുഭൂതി നിറക്കുന്ന ഒരു അവതരണമാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്.പ്രണയത്തിന്റെ സൗന്ദര്യം അത്രകണ്ട് വർണിച്ചിട്ടുണ്ട് ആ രംഗങ്ങളിലൂടെ.
പ്രണയം മാത്രമല്ല, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു വൻ വിപത്തിനേയും അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ സംവിധായകൻ എടുത്തുകാട്ടുന്നുണ്ട്.അത് എത്രത്തോളം ഭീകരമാണെന്ന് ചിത്രം കണ്ടുകഴിയുമ്പോൾ നമുക്ക് മനസ്സിലാവും.ആകെ മൊത്തത്തിൽ മെലോഡ്രാമ രൂപേ ണ മനോഹരമായ ഒരു പ്രണയകഥ സമ്മാനിച്ചിരിക്കുന്നു Sung-Hee.അതിമനോഹരമായ ക്ളൈമാക് കൂടിയാവുമ്പോൾ സുന്ദരമായ സിനിമ അനുഭവമാകുന്നു Werewolf Boy.
🔻On Screen🔻
അടുത്തകാലത്തൊന്നും മറക്കാത്ത രണ്ട് മുഖങ്ങളായി മാറി Bo-Yeong Park,Joong-Ki Sung എന്നിവരുടേത്.തന്റെ മുഖത്തെ നിഷ്കളങ്കതയും മനോഹാരിതയും കൊണ്ട് മനസ്സ് കീഴടക്കും Park.ഒരു ഡയലോഗ് പോലും പറയാതെ Joongഉം അരങ്ങ് വാണപ്പോൾ രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന് ജീവൻ നൽകുന്ന ഘടകമായി.സിനിമ അവസാനിക്കുമ്പോഴും അവർ മാത്രമായിരിക്കും മനസ്സ് മുഴുവൻ.
🔻Music & Technical Sides🔻
കണ്ണുകൾക്ക് കുളിരേകുന്ന വിഷ്വൽസും ലളിതവും എന്നാൽ സുന്ദരവുമായ പശ്ചാത്തലസംഗീതവും സന്ദർഭങ്ങൾക്ക് തീവ്രത നൽകുന്ന ഒന്നായി.കേൾക്കാൻ ഇമ്പമുള്ള ഒരു ഗാനവും ഉണ്ട് കൂടെ.
🔻Final Verdict🔻
കൊറിയൻ സിനിമയുടെ Twilight എന്ന് പലരും വിശേഷിപ്പിച്ച് കണ്ടിട്ടുള്ള ചിത്രമാണ് ഇത്.എന്നാൽ അതിനോട് തോന്നിയിട്ടില്ലാത്ത ഒരു അടുപ്പം ഈ ചിത്രത്തോട് തോന്നുന്നുണ്ടെങ്കിൽ അത് സിനിമ കാഴ്ചവെക്കുന്ന മികവിന്റെ മിടുക്കാണ്.ലളിതവും എന്നാൽ തീവ്രതയേറിയതുമായ ഒരു പ്രണയകഥ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ് സംവിധായകൻ.മനസ്സിൽ തട്ടുന്ന രംഗങ്ങളും കഥയും സിനിമ പ്രദാനം ചെയ്യുന്നുണ്ട്.റൊമാന്റിക്ക് സിനിമകളുടെ ശ്രേണിയിൽ ഞാൻ ഈ ചിത്രത്തിനും മുൻപന്തിയിലുള്ള ഒരു സ്ഥാനം കൊടുക്കും.
My Rating :: ★★★★☆