🔻ലോകത്തിന്റെ തന്നെ നെടുന്തൂണായി മാറിയിരിക്കുകയാണ് ടെക്നോളജി. അത്തരമൊരു കാലത്താണ് മെക്കാനിക്കായി ഗ്രേ ജോലി നോക്കുന്നത്. റിപ്പയറിങ്ങ് കഴിഞ്ഞ കാർ ഉടമസ്ഥനെ ഏൽപ്പിച്ച് തിരിച്ച് വരുന്ന വഴിക്ക് എവിടെ നിന്നില്ലാതെ ഗ്രേയും ഭാര്യയും ആക്രമിക്കപ്പെടുന്നു. തന്റെ പ്രിയതമയെ വേർപിരിയേണ്ടി വരുന്ന ഗ്രേ പ്രതികാരം എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം ജീവിക്കുന്നു.
Year : 2018
Run Time : 1h 40min
🔻കേൾക്കുമ്പോൾ യാതൊരു പുതുമയുമില്ലാത്ത കഥയെന്ന് തോന്നുമെങ്കിലും അതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി ഉൾപ്പെടുത്തിയിടത്താണ് സിനിമ ആവേശം കൊള്ളിക്കുന്നത്. ഊഹിക്കാവുന്ന കഥാസാരം ആണെങ്കിൽ പോലും അവതരണത്തിലെ പുതുമ കൊണ്ട് തകർപ്പൻ അനുഭവമായി മാറുന്നുണ്ട് അപ്ഗ്രേഡ്. വൈകാരികമായ തുടക്കം നല്ല രീതിയിൽ മുതലെടുക്കുകയും അതിലൂടെ പ്രതികാരത്തിന്റെ വ്യാപ്തി നല്ല രീതിയിൽ അനുഭവപ്പെടുത്തുകയും ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒപ്പം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ അകമ്പടിയും. വയലൻസ് പരിധി കവിഞ്ഞ് ആസ്വദിക്കുന്നവർക്ക് ചിലപ്പോൾ ചില രംഗങ്ങളിൽ കണ്ണടക്കേണ്ടി വന്നേക്കാം.
🔻ലോഗന്റെ ഗംഭീര പ്രകടനം ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമ ആക്ഷനിലേക്ക് ട്രാക്ക് മാറുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പ്രകടനം പല രംഗങ്ങൾക്കും ഗുണം ചെയ്യുന്നുണ്ട്. ഒപ്പം ആക്ഷൻ രംഗങ്ങളിലെ അനായാസത മുന്നോട്ട് വെക്കുന്ന AI എന്ന പ്രമേയത്തിന് സഹായകമാവുന്നുണ്ട്. ചടുലത നിറഞ്ഞ ആക്ഷൻ കൊറിയോഗ്രഫി adrenaline pumping എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ്. കണ്ടനുഭവിക്കേണ്ടത് തന്നെ ആ രംഗങ്ങൾ. ഒപ്പം ഇരുൾ മൂടിയ ഛായാഗ്രഹണം കഥക്ക് അനുയോജ്യമായ അറ്റ്മോസ്ഫിയർ സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.
🔻FINAL VERDICT🔻
ഒരുഗ്രൻ ആക്ഷൻ ചിത്രം എന്ന നിലയിലും നിലവാരമുള്ള സിനിമ എന്ന നിലയിലും പൂർണ്ണ തൃപ്തിയാണ് അപ്ഗ്രേഡ് സമ്മാനിക്കുക. AI എന്ന മേഖലയിൽ പല സിനിമകളും വന്നിട്ടുണ്ടെങ്കിലും അവയിൽ ഒരു പ്രത്യേക സ്ഥാനം അപ്ഗ്രേഡിനുണ്ടാവും. തീർച്ചയായും കാണുക. ആസ്വദിക്കുക.
AB RATES ★★★½