Beauty And The Dogs

February 05, 2019



പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന വാർത്ത ഏതെന്ന് ചോദിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം എണ്ണവും എന്റെ ഉത്തരം. മറ്റേത് കുറ്റകൃത്യങ്ങളെക്കാളും, എന്തിനേറെ കൊലപാതകങ്ങളെക്കാളും മോശമെന്നും നീചമെന്നും ഉറപ്പുള്ള കുറ്റം. സ്ത്രീകളുടെ സംരക്ഷകരാകേണ്ടവർ തന്നെ അവരുടെ ജീവിതം നശിപ്പിക്കുന്ന കാഴ്ചകളും ഇന്ന് സുലഭമാണ്.

Year : 2017
Run Time : 1h 40min

🔻ഒരു കോളേജ് പാർട്ടിയിലാണ് മറിയമിന്റെ ആ രാത്രി തുടങ്ങിയത്. അവിടെ വെച്ച് കണ്ടുമുട്ടിയ യൂസഫ് എന്ന ചെറുപ്പക്കാരനോട് തോന്നിയ പ്രണയം. അവനുമായി കുറച്ച് സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തോടെ അടുത്തുള്ള ബീച്ചിലേക്ക് ഒരു നടത്തം. എന്നാൽ തുടർന്ന് സംഭവിച്ചത് ഏതൊരു പെണ്ണും മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളും. ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു മറിയം.

🔻സിനിമയുടെ പ്ലോട്ട് ഇതാണ്. എന്നാൽ 9 ചാപ്റ്ററുകളിലായി സംവിധായിക പറഞ്ഞുവെക്കുന്ന സംഭവങ്ങളുടെ രാഷ്ട്രീയം വളരെ വളരെ ഗൗരവകരമാണ്. ടുണീഷ്യയിൽ ഒരു സ്ത്രീ നേരിയിടേണ്ടി വന്ന ആക്രമത്തെ കടമെടുത്ത് തന്റേതായ ആശയങ്ങൾ കൂടി ഉൾപ്പെടുത്തി മനസ്സിനെ നടുക്കുന്ന കാഴ്ച്ച സമ്മാനിക്കുകയാണ് ഈ ചിത്രം.

🔻സ്ത്രീകൾ വെറും അടിമകളാണെന്ന പൊതുബോധത്തിൽ നിന്നാണ് കഥയുടെ പല വശങ്ങളും ഉടലെടുക്കുന്നത്. റേപ്പ് ചെയ്യപ്പെട്ടെന്ന് പറയുന്ന സ്ത്രീയോടുള്ള സംസാരവും പെരുമാറ്റവും ഇതൊക്കെയും ഒരു സാധാരണ സംഭവമെന്ന നിലക്കാണ്. കുറ്റം പറയാൻ പറ്റില്ല. ഇപ്പോൾ ഇതൊരു സാധാരണ സംഭവം തന്നെയാണ്. ഒറ്റപ്പെട്ട് നിൽക്കുന്ന ഏതൊരു സ്ത്രീയും തങ്ങളുടെ വികാരങ്ങൾ തീർക്കാനുള്ള മാർഗ്ഗമെന്ന് കരുതുന്ന പുരുഷവർഗ്ഗത്തിന്റെ മേൽക്കോയ്‌മ കൂടി കാണാനാവും ഇവിടെ. സ്ത്രീയുടെ സുരക്ഷിതത്വത്തേക്കാൾ തങ്ങൾക്കൊപ്പം ജോലി ചെയുന്ന ആളുടെ സംരക്ഷണമാണ് വലുതെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം നിയമപാലകർ ഒരു നിസാരകാര്യമല്ല. Moral Trafficking തുടങ്ങിയ വിഷയങ്ങളെയും പ്രതിപാദിക്കുന്നുണ്ട് പലയിടത്തും. അതിന്റെ ഭീകരത അടയാളപ്പെടുത്തുന്നുണ്ട് ആ രംഗങ്ങളിലൊക്കെയും. അത്തരത്തിൽ രാജ്യത്തിൻറെ പൊതു അന്തരീക്ഷത്തെ തന്നെ മറയില്ലാതെ കാട്ടിത്തരുകയാണ് സംവിധായിക.

🔻വെർബൽ റേപ്പ് എന്ന സംഗതിയെ ഫോക്കസ് ചെയ്ത് വളരെ ഭീകരമായ സത്യങ്ങളെ കൂടി പുറത്ത് കൊണ്ടുവരികയാണ് ചിത്രം. മാധ്യമങ്ങൾക്ക് ഇത് വെറുമൊരു എക്സ്‌ക്‌ളൂസീവ്  മാത്രമായി മാറുമ്പോൾ പീഡനത്തിനിരയായവരുടെ മാനസിക സംഘർഷങ്ങളിലൂടി സഞ്ചരിക്കുകയാണ് സംവിധായിക ഇവിടെ. കഥാപാത്രത്തേക്കാൾ കഥാഗതിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും അതിലൂടെ അവരുടെ ഭയത്തെയും ആശങ്കകളെയും നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സംസാരത്തിൽ പോലും കാമാസക്തി വെളിവാക്കുന്ന ചില കഥാപാത്രങ്ങളെ ഭയപ്പാടോടെയല്ലാതെ സമീപിക്കാനാവില്ല.

🔻ഓരോ ചാപ്റ്ററുകളും ഓരോ സിംഗിൾ ടേക്കുകളിലൂടെയാണ് പകർത്തിയിരിക്കുന്നത്. ഒരുപക്ഷെ ഇത്തരത്തിലൊരു ചിത്രം ഏറ്റവും ആവശ്യപ്പെടുന്ന അവതരരീതി അത് തന്നെയാവണം. കാരണം ആ രംഗങ്ങളുടെ കൊറിയോഗ്രാഫിയിൽ തന്നെ ഒരു റിയാലിറ്റി പ്രത്യക്ഷപ്പെടുന്നുണ്ട്. കഥാപാത്രങ്ങളുടെ ഇടുങ്ങിയ മനസ്സ് കാണാനാവുന്നുണ്ട്. ഒരു സിനിമയെന്ന് തോന്നിക്കാത്തവിധം റിയലിസ്റ്റിക്ക് പരിചരണം സാദ്ധ്യപ്പെടുത്തുന്നുണ്ട് ഇത്തരത്തിലുള്ള ഷോട്ടുകൾ. ഒപ്പം ചില രംഗങ്ങൾ സ്‌ക്രീനിൽ ഉൾപ്പെടുത്താതെ തന്നെ അതിന്റെ തീവ്രത പറന്നു നൽകുന്ന സംഭാഷണശകലങ്ങളും ഗംഭീരം.

🔻FINAL VERDICT🔻

പണ്ടൊക്കെ ഒറ്റപ്പെട്ട സംഭവമെന്ന് ഊന്നിയൂന്നി പറയുമായിരുന്ന ഇത്തരം ക്രൂരതകൾ ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന ഈ കൊച്ചുകേരളത്തിൽ വളരെ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ ഒരു ചിത്രത്തിന്റെ പ്രസക്തി ലോകമാസകലം പടർന്ന് കിടക്കുകയാണ്. വെറുമൊരു സിനിമയായി മാത്രം കണ്ടുമറക്കാൻ ആവില്ല ഈ ചിത്രം. കാരണം ഇതിൽ ജീവിതങ്ങളുണ്ട്. പൗരസംരക്ഷണത്തിനായി മുന്നിട്ടിറങ്ങേണ്ട നിയമപാലകർ തന്നെ അതിനെ കടന്നാക്രമിക്കുമ്പോൾ തകർന്നുപോവുന്ന മനസ്സുകളുണ്ട്. റേപ്പ് എന്നതിനപ്പുറം വെർബൽ റേപ്പ് കൂടുതൽ നോവ് പകരുമ്പോൾ പല ജീവിതങ്ങളുടെയും നേർക്കാഴ്ച്ച കൂടിയാവുന്നു ഈ ചിത്രം. ടുണീഷ്യയുടെ ഓസ്കാർ എൻട്രി ആയിരുന്ന ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ്. മനസ്സിൽ നിന്നും അത്ര പെട്ടെന്നൊന്നും മായാത്ത ഒരു മുറിപ്പാടായി ചിത്രം അവിടെയുണ്ടാകും.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments