9

February 13, 2019



മലയാളസിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു നടനാണ് പൃഥ്വിരാജ്. തന്റെ ഓരോ സിനിമകളിലും പുതിയതായി എന്തെങ്കിലും കൊണ്ടുവരണമെന്ന് നിർബന്ധബുദ്ധി ഉള്ള ഒരു സിനിമാക്കാരൻ. ഇതിന് മുമ്പ് പല സിനിമകളിലും അത്തരത്തിലുള്ള ശ്രമങ്ങൾ പ്രകടമായിരുന്നെങ്കിലും പലപ്പോഴും അത് പ്രഹസനം മാത്രമായി തോന്നുകയാണ് ഉണ്ടായിട്ടുള്ളത്. അവിടെയാണ് ഈ ചിത്രം വ്യത്യസ്തമാവുന്നത്.

🔻STORY LINE🔻

പല ലെയറുകൾ ഉള്ള കഥയും പ്രമേയവുമാണ് സിനിമയുടേത്. അതുകൊണ്ട് തന്നെ അത് ഫ്രഷ് ആയി, ബ്ലാങ്ക് മൈന്റോടെ സമീപിക്കുന്നതാണ് നല്ലത്. അതിനാൽ കഥ ഒഴിവാക്കുന്നു. ഇനിയും കാണാനുള്ളവർക്ക് അതാണ് ഏറ്റവും ഗുണകരം.

🔻BEHIND SCREEN🔻

'100 Days Of Love' എന്ന ചിത്രം കണ്ട് മുഴുവിപ്പിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. പിന്നീട് അതിനായി മുതിർന്നിട്ടുമില്ല. ആ സംവിധായകനിൽ നിന്ന് പിന്നീടൊന്നും പ്രതീക്ഷിച്ചതുമില്ല. എന്നാൽ '9'ന്റെ ട്രെയിലറും ടീസറും അത്ഭുതപ്പെടുത്തി എന്ന് പറയാതെ വയ്യ. സിനിമ കണ്ടപ്പോഴും മേക്കിങ്ങിന്റെ കാര്യത്തിൽ സംവിധായകൻ ഒരുപാട് മുന്നോട്ട് പോയതായി തോന്നി. തന്നിലെ സംവിധായകന്റെ പക്വത പ്രകടമായിരുന്നു സിനിമയിലുടനീളം. എന്നാൽ അത് തിരക്കഥയിൽ പൂർണ്ണമായി കാണാൻ സാധിക്കാതിരുന്നിടത്താണ് ആസ്വാദനം താഴേക്ക് പോയത്.

സയൻസ് ഫിക്ഷൻ എന്ന നിലയിൽ കഥ പറഞ്ഞ് തുടങ്ങുമ്പോൾ മലയാളത്തിൽ പറഞ്ഞ് കേട്ടിട്ടില്ലാത്ത പ്രമേയമായത് കൊണ്ട് തന്നെ നല്ല രീതിയിൽ ആകാംഷ സൃഷ്ടിക്കാൻ സംവിധായകന് സാധിച്ചു. അത് ഇടവേള വരെ നീളുന്നതിനും കഥ പറച്ചിൽ സഹായകമായി. എന്നാൽ അതിന് ശേഷമുള്ള ജേണർ മിക്സ് അത്യാവശ്യം മടുപ്പായി തോന്നി. പിന്നീട് അതിൽ പലതും നമ്മുടെ interpretationൽ ഉപകാരപ്പെടുമെങ്കിലും കൺഫ്യൂഷൻ സൃഷ്ടിക്കുന്നതിനും അത് കാരണമായിട്ടുണ്ട്. അവിടെ തിരക്കഥ കൈവിട്ടത് പോലെ പലയിടങ്ങളിലും തോന്നി. ഓരോ ജേണറിലും ഓരോ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാമെങ്കിലും മറ്റുള്ളവ അതിന് തടസ്സമായി വരും. അത്തരത്തിൽ എവിടെയും പൂർണ്ണത തോന്നിക്കാത്ത രീതിയിലുള്ള തിരക്കഥ കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു.

പൃഥ്വിരാജ് ചിത്രത്തിൽ ട്വിസ്റ്റ് മസ്റ്റ് ആണെന്ന് അറിയാമല്ലോ. എന്നാൽ ഇവിടെ ആ ട്വിസ്റ്റ് ചടപ്പിച്ചു എന്ന് പറയാതെ വയ്യ. എങ്കിലും അതിന് ശേഷമുള്ള രംഗങ്ങൾ കൺവിൻസിങ് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ചടപ്പിക്കലിന്റെ ആയുസ്സ് അൽപ്പനേരം മാത്രമേ നീണ്ടുനിന്നുള്ളൂ. തുടർന്ന് ക്ലൈമാക്സിലേക്ക് വരുമ്പോൾ അൽപ്പം curious ആയുള്ള ഒരു അവസാനം പ്രതീക്ഷിച്ചെങ്കിലും മോശമാക്കിയില്ല എന്ന് പറയാൻ പാകത്തിന് ഒന്ന് മാത്രമായി അവസാനിച്ചു സിനിമ. തുടർന്ന് end credit സീൻ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിടുമ്പോൾ ലൂപ്പ് ഹോളുകൾ നിറഞ്ഞ, എങ്ങുമെത്താതെ പോവുന്ന നിർവ്വചനങ്ങൾ ബാക്കിയാകുന്നു ചിത്രം.

അച്ഛൻ-മകൻ ബന്ധം സിനിമക്ക് ആവശ്യമായ രീതിയിൽ തന്നെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു തവണ കൂടി കണ്ടാൽ ചിലപ്പോൾ പുതിയ തിയറികൾക്ക് അത് കൂടുതൽ സഹായകമാവും. അതുപോലെ ഈവ എന്ന കഥാപാത്രത്തിന്റെ അവതരണം നന്നായി ചെയ്തിട്ടുണണ്ട്. എങ്കിലും എവിടെയൊക്കെയോ കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നത് പോലെയൊരു തോന്നൽ. ആ രംഗങ്ങളാണ് തിയറികൾക്ക് മുന്നിൽ വൻ മതിലായി നിൽക്കുന്നതും. ചില സന്ദർഭങ്ങൾ ഡ്രമാറ്റിക്ക് ആയി മാറുന്നതിലും അൽപ്പം വിരസത ഉണ്ട്.

മലയാളസിനിമയ്ക്ക് പുതിയൊരു വഴിത്തിരിവ് തന്നെയാണ് ഈ ചിത്രം എന്നാണ് എന്റെ അഭിപ്രായം. കൂടുതൽ ശക്തമായ പ്രമേയങ്ങൾ കൊണ്ടുവരാനും തിരക്കഥയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മികച്ച ഔട്ട്പുട്ട് പ്രേക്ഷകരിലേക്ക് എത്തിക്കുവാനും ജെനുസ് മുഹമ്മദ് എന്ന സംവിധായകന് തീർച്ചയായും സാധിക്കും. അത്തരത്തിലുള്ളവരെ കൂടി പ്രേക്ഷകർ എന്ന നിലയിൽ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

🔻ON SCREEN🔻

പൃഥ്വിരാജ് തന്റെ വേഷം മോശമാക്കിയില്ല ഇത്തവണയും. എങ്കിലും ഡ്രമാറ്റിക്ക് ആവുന്നിടത്ത് പലപ്പോഴും കേൾക്കാറുള്ള പഴി ഇവിടെയും പ്രകടമാണ്. വാമിഖയാണ് ഇത്തവണ ഭാഗ്യവതി. തന്റെ രണ്ടാം മലയാള സിനിമയിലും മികച്ച വേഷം തന്നെ ലഭിച്ചു. അത് നല്ല രീതിയിൽ അവതരിപ്പിക്കാൻ വാമിഖക്ക് സാധിച്ചു. പൃഥ്വിയുടെ മകനായി അഭിനയിച്ച കുട്ടിയുടെ പ്രകടനം വളരെ നന്നായിരുന്നു. അധികം എക്‌സ്‌പോസിഷൻ ഉള്ള മറ്റ് കഥാപാത്രങ്ങൾ ഇല്ലാത്തത് കൊണ്ട് ഇവർ തന്നെയാണ് ഫോക്കസ്.

🔻MUSIC & TECHNICAL SIDES🔻

സിനിമയുടെ നട്ടെല്ലായി നിൽക്കുന്നത് ക്യാമറ വർക്കുകളും പശ്ചാത്തലസംഗീതവുമാണ്. ഗംഭീരം എന്നെ പറയാനുള്ളൂ. അതിൽ പശ്ചാത്തലസംഗീതം പ്രത്യേകം എടുത്തു പറയുന്നു. വളരെ വളരെ മികച്ചുനിന്നു. വെളിച്ചം കുറവുള്ള ദൃശ്യങ്ങൾ പോലും ഭംഗിയായി കാണാൻ തക്ക വിധത്തിൽ വിഷ്വൽസ് മികവ് പുലർത്തുന്നു. ഡാർക്ക് മൂഡ് ക്രിയേറ്റ് ചെയ്യാൻ ഇരു വിഭാഗവും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഒപ്പം പരമാവധി പൂർണ്ണത പുലർത്തുന്ന VFX വർക്കുകളും. വേഗതയുള്ള എഡിറ്റിങ്ങും പേസിന് ഗുണം ചെയ്യുന്നുണ്ട്.

🔻FINAL VERDICT🔻


പൂർണ്ണതയുള്ള ഒരു ചിത്രമല്ല 9. എങ്കിലും ഇനിയും ഇത്തരത്തിൽ മികവുള്ള പരീക്ഷണചിത്രങ്ങൾ സൃഷ്ടിക്കാൻ ഒരു ഇൻഡസ്ട്രിക് തന്നെ ഊർജ്ജമേകുന്ന ചിത്രമാണ് എന്നാണ് എന്റെ അഭിപ്രായം. ഇതുവരെ കണ്ടതിൽ പ്രമേയം കൊണ്ടും മേക്കിങ്ങ് കൊണ്ടും മറ്റുള്ളവയെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന പരീക്ഷണം. ഒഴിഞ്ഞ കസേരകളോട് കഥ പറയേണ്ട ഗതി ഈ ചിത്രത്തിന് ഉണ്ടാവരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

AB RATES ★★★☆☆

You Might Also Like

0 Comments