ജൂൺ
February 18, 2019🔻പത്താം ക്ലാസ് വരെ പഠിച്ചിരുന്നത് മിക്സഡ് സ്‌കൂളിലായിരുന്നു. എന്നാൽ +1ന് അഡ്മിഷൻ കിട്ടിയതാകട്ടെ ഒരു ബോയ്സ് സ്‌കൂളിലും. വാർത്ത അറിഞ്ഞപ്പോൾ നല്ല വിഷമം ആയിരുന്നു. പക്ഷെ അത് മറക്കാൻ സ്‌കൂളിലെ ആദ്യ ദിവസം തന്നെ ധാരാളമായിരുന്നു. പിന്നീട് പിന്നിട്ട രണ്ട് വർഷങ്ങൾ.. ഒരിക്കലും മറക്കാനാവാത്ത, വീണ്ടും തിരിച്ചുകിട്ടിയെങ്കിയിൽ എന്നാഗ്രഹിച്ച ഒരു കാലഘട്ടമായിരുന്നു അത്. ജൂൺ സിനിമ കണ്ടപ്പോൾ പലപ്പോഴും ആ ഓർമ്മകളിലേക്ക് തിരികെ നടക്കുകയായിരുന്നു.
🔻ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അവളുടെ ഹയർ സെക്കണ്ടറി ജീവിതം മുതൽ പല ഘട്ടങ്ങളിലൂടെ കഥ പറഞ്ഞ് പോവുന്നു സംവിധായകൻ. തന്റെ കഴിവുകളെ കുറിച്ചും ഭംഗിയെ കുറിച്ചും ഇപ്പോഴും അപകർഷത പേറി നടക്കുന്ന ജൂണിന്റെ ജീവിതത്തിലെ രസകരമായ ചില ഏടുകൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുകയാണ് നവാഗതനായ അഹമ്മദ് കബീർ.
🔻ഞാനെന്ന കാണിക്ക് ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിച്ച ആദ്യപകുതിയായിരുന്നു ചിത്രത്തിന്റേത്. സ്‌കൂളിൽ നടന്ന ഫെസ്റ്റുകളും കൂട്ടുകൂടിയുള്ള തമാശകളും അടുത്തുള്ള ഗേൾസ് സ്‌കൂളിലുള്ള വായീനോട്ടവുമൊക്കെ ഒരു പുഞ്ചിരിയോടെ ഓർക്കാൻ സാധിച്ചിടത്ത് നല്ല രീതിയിൽ ആസ്വദിച്ച ആദ്യപകുതിക്ക് വിരാമമാവുന്നു. കഥയിൽ കാര്യമായ പുതുമയൊന്നും ഇല്ലെങ്കിലും അത് നമ്മെ അലട്ടാത്ത വിധം തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.അത് തന്നെയാണ് ജൂണിന്റെ ഏറ്റവും മികച്ച കാര്യവും.
🔻എന്നാൽ രണ്ടാം പകുതി ആദ്യ പകുതിയോളം ഒഴുക്കുള്ളതായിരുന്നില്ല. ഇടക്ക് അൽപ്പം തട്ടിയും തടഞ്ഞും മുന്നോട്ട് പോയ കഥ തെല്ല് വിരസത നൽകി. ചില കാര്യങ്ങൾ ക്ലൈമാക്സിലടക്കം മനഃപൂർവ്വം സൃഷ്ടിച്ചത് പോലെ തോന്നി. കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു ആ ഭാഗങ്ങൾ. എങ്കിലും സ്ത്രീകേന്ദ്രീകൃതമായി കഥ പറയുന്ന ചിത്രങ്ങൾ വിരളമായത് കൊണ്ട് തന്നെ മൊത്തത്തിൽ നോക്കുമ്പോൾ തൃപ്തി തന്നെയാണ് ഫലം. പ്രണയം, സൗഹൃദം, വൈകാരിക ബന്ധങ്ങൾ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്ത വിധം ലളിതവും എന്നാൽ മനോഹരവുമാണ്. ഒടുവിൽ മോശമല്ലാത്ത ഒരു ക്ലൈമാക്സ് കൂടിയാവുമ്പോൾ പുഞ്ചിരിയോടെ കണ്ടിറങ്ങാം ജൂണും.
🔻രജിഷയുടെ പ്രകടനം തന്നെ ചിത്രത്തിന്റെ നട്ടെല്ല്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോഴുള്ള പക്വതയും പക്വതയില്ലായ്മയും തന്റെ ബോഡി ലാംഗ്വേജിൽ ഭംഗിയായി പ്രകടമാക്കി രജിഷ. അതിനൊപ്പം ജോജുവും തന്റെ വേഷം മികച്ചതാക്കി. രജിഷയോടൊപ്പം രണ്ട് കാലഘട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ടവരുടെ മാറ്റങ്ങൾ അത്ഭുതപ്പെടുത്തും വിധം വിശ്വസനീയമായിരുന്നു. ഭൂരിഭാഗവും പുതുമുഖങ്ങളാണെങ്കിൽ കൂടി ഏവരും തങ്ങളുടെ വേഷങ്ങൾ വൃത്തിയായി കൈകാര്യം ചെയ്തു. Special Mention For Arjun Ashokan.
🔻പലപ്പോഴും സന്ദർഭങ്ങളുടെ ശ്വാസമാവുന്ന പശ്ചാത്തലസംഗീതവും പാട്ടുകളും സിറ്റുവേഷനോട് യോജിച്ച് നിന്നു. കൂടെ മനോഹരമായി ഒപ്പിയെടുത്ത ഫ്രയിമുകളും. ഇവയും സിനിമയുടെ ഭാഗമായി തന്നെ നിലകൊണ്ടു.
🔻FINAL VERDICT🔻
ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും ജൂൺ സമ്മാനിക്കുക. ചൂടുകാലത്ത് ഒരു മഴ നനഞ്ഞ് കയറിവന്ന സുഖം. മനസ്സിനെ സ്വസ്ഥമാക്കാൻ, ഫ്രീ മൈന്റോടെ എഞ്ചോയ് ചെയ്യാൻ നല്ലൊരു ചോയ്‌സ്. ചിലപ്പോ നൊസ്റ്റാൾജിയയും സമ്മാനിച്ചേക്കും ജൂണിന്റെ ജീവിതം. ജീവിതത്തിൽ നമ്മളറിയാത്ത ഒരുപാട് സർപ്രൈസുകൾ കാത്തിരിപ്പുണ്ട് എന്ന ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ ചിത്രം.
AB RATES ★★★☆☆
0 Comments