പേരൻപ്

February 04, 2019



ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ആളുകളിലേക്ക് തിരനോട്ടം നടത്തുകയാണ് തന്റെ ചിത്രങ്ങളിലൂടെ റാം ചെയ്യാറുള്ളത്. അവരുടെ കഥകളാണ് അദ്ദേഹത്തിന് ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ചെറുകീടങ്ങൾ മുതൽ മനുഷ്യർക്ക് വരെ ഒരുപോലെ വല വിരിക്കുന്ന, ജീവിത സാഹചര്യങ്ങൾ ഒരുക്കുന്ന പ്രകൃതിയുടെ ഭാഷയിലാണ് ഇത്തവണ റാം തന്റെ കഥ പറയുന്നത്. അമുദവന്റെയും പാപ്പയുടെയും കഥ.

പ്രകൃതിയുമായി ബന്ധപ്പെട്ട പന്ത്രണ്ട് അധ്യായങ്ങളിലൂടെ തന്റെ കഥ പറയുകയാണ് അമുദവൻ. തനിക്കും മകൾക്കും മറ്റുള്ളവരെ പോലെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലാണ് അമുദവനെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നത്. മനുഷ്യൻ വസിക്കാത്ത, കുരുവികൾ ചാകാത്ത ഒരിടം. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലികളിൽ നിന്ന് കരളലിയിക്കുന്ന കാഴ്ചകളിലേക്കാണ് തുടർന്ന് നമ്മെ കൊണ്ടുപോവുന്നത്.

ഒരച്ഛന്റെ നിസ്സഹായത തുറന്ന് കാട്ടുന്ന രംഗങ്ങളിൽ നിന്ന് പാപ്പയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമുദവനെ അവതരിപ്പിക്കുന്നതാണ് സിനിമ കാണികളിലേക്ക് അടുക്കുന്നത്. തന്റെ ഉള്ളിലെ സങ്കടക്കടലത്രയും പുറന്തള്ളുമ്പോൾ വെറുമൊരു മനുഷ്യൻ മാത്രമാവുന്നു അമുദവൻ. അത്തരത്തിൽ ഒരുപറ്റം മനുഷ്യരുടെ ജീവിതമാണ് പേരൻപ്. പ്രകൃതി അവർക്കായി സുരക്ഷിതത്വം ഒരുക്കുമ്പോഴും എല്ലാം തങ്ങളുടെ കാൽചുവട്ടിലെന്ന് അഹങ്കരിക്കുന്ന മനുഷ്യരുടെ ഗർവ്വ് മൂലം ഒറ്റപ്പെട്ട് പോവുന്ന കുറച്ച് ജീവിതങ്ങൾ.

തന്റെ ലോകത്തെ പോലെ തന്നെ ചുറ്റുമുള്ളവരെയും ഒരുപോലെ സ്വീകരിക്കുന്ന ഒരുവനായാണ് അമുദവന്റെ കഥാപാത്ര നിർമ്മിതി. തുടക്കം മുതൽ അത് കാണാനാവും. സ്വന്തം മകളുടെ സന്തോഷം മാത്രം അയാൾ ആഗ്രഹിക്കുമ്പോൾ മറ്റുള്ളവരുടെ വിമുഖതകൾ പൂർണ്ണമായി മനസ്സിലാക്കിയുള്ള പെരുമാറ്റം. ഇടവേളക്ക് തൊട്ടുമുമ്പ് അഞ്ജലിയോട് പറയുന്ന സംഭാഷണത്തിൽ അത് പൂർണ്ണമായി ഉൾക്കൊണ്ടിരുന്നു. ഒരു എപ്പിസോഡ് ആയി മാറേണ്ടിയിരുന്ന സംഭവത്തെ ഒറ്റ ഡയലോഗ് കൊണ്ട് അവസാനിപ്പിച്ചത് സംവിധായകന്റെ അപാര മിടുക്ക് തന്നെയാണ്. അത്ര ഹൃദ്യമാണ് ആ രംഗം.

സെക്ഷ്വാലിറ്റിയിലും ട്രാൻസ്‌ജെൻഡർ വിഷയങ്ങളിലും സ്ത്രീപക്ഷരാഷ്ട്രീയത്തിലും പുരോഗമനപരമായ ചിന്തകളിലൂടെ കടന്നുപോവുന്നുണ്ട് പല അധ്യായങ്ങളിലും. ട്രാൻസ്‌ജെൻഡർ വിഷയങ്ങളിൽ വിശ്വസനീയമാം വിധം അവതരണമികവ് പ്രകടമാവുന്നുണ്ട് ഓരോ രംഗങ്ങളിലും. അവരുടെ ജീവിതപരിസരങ്ങൾ ഒപ്പിയെടുത്തത് പോലെ കാണികളെ വിശ്വസിപ്പിക്കും വിധം ഗംഭീരം. ഒപ്പം ആർത്തവത്തെ കുറിച്ചുള്ള ബോധ്യപ്പെടുത്തലും സ്വാഭാവികമായി അമുദനിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് റാമിന്റെ ചിന്തകളും.

കഥാപാത്രങ്ങളുടെ ഭാവപ്രകടനങ്ങളിലൂടെ മാത്രം അവതരിപ്പിക്കുന്ന ചില വികാരങ്ങളുണ്ട്. ഒരച്ഛന്റെ സഹനമല്ല മകളുടെ അവസ്ഥയെ കുറിച്ചോർത്ത നിസ്സഹായതയാണ് അമുദനെന്ന് അടിവരയിടുന്ന പ്രകടനവുമായി മമ്മൂട്ടി വീണ്ടും അരങ്ങ് വാഴുമ്പോൾ പകരം വെക്കാനില്ലാത്ത അഭിനയമികവിന് സാക്ഷിയാവുന്നുണ്ട് പലപ്പോഴും. തന്റെ ഉൾ വ്യഥകൾ തുറന്ന് പറയാൻ ആരുമില്ലാതെ പ്രകൃതിയോട് മാത്രം സംവദിക്കുന്ന അമുദനെ തന്റെ മുൻ കഥാപാത്രങ്ങളുടെ നിഴൽ പോലും ഇല്ലാതെ അത്ഭുതപ്പെടുത്തുന്ന മികവോടെ അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. പാപ്പയിലൂടെയും മീരയിലൂടെയും പുതിയ ലോകത്തെ പഠിക്കുന്ന അമുദൻ മറക്കാനാവാത്ത ഒരു കഥാപാത്രത്തെ സമ്മാനിക്കുന്നുണ്ട്.

സാധനയുടെ പ്രകടനമാണ് പിന്നീട് എടുത്ത് പറയേണ്ടത്. ഒരു കൊച്ചുകുട്ടിയുടേതെന്ന് വിശ്വസിക്കാൻ സാധിക്കാത്തവണ്ണം അതിഗംഭീരമായ കഥാപാത്രം. പാപ്പ എന്ന കഥാപാത്രത്തെ ഇത്രമേൽ ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ മറ്റാർക്കെങ്കിലും സാധിക്കുമോ എന്ന് തോന്നിക്കും വിധം പക്വമായ പ്രകടനം. വാക്കുകൾക്കതീതം. അഞ്ജലി അമീറിന്റെ മികച്ച പ്രകടനവും ചിത്രത്തിന് മികവേകുന്നുണ്ട്. കാസ്റ്റിങ്ങിൽ സംവിധായകന്റ മികവ്‌ കൂടി അടയാളപ്പെടുത്തുന്നിടത്താണ് പേരൻപ് തിളങ്ങുന്നത്.

ഛായാഗ്രഹണമികവിന്റെയും സംഗീതത്തിന്റെ അകമ്പടിയുടെയും വരികളിൽ പോലും ജീവൻ പേറുന്ന അർത്ഥതലങ്ങളുടെയും അടയാളപ്പെടുത്തൽ കൂടിയാണ് പേരൻപ്. ഓരോ നിമിഷവും അത്രമേൽ ആർദ്രമെന്ന് തോന്നിക്കും വിധം ഭംഗി നിറഞ്ഞുനിൽക്കുന്നുണ്ട് ചിത്രത്തിലുടനീളം. സാഹചര്യങ്ങളോട് ഏറ്റവും ചേർന്നുനിൽക്കുന്ന ടെക്നിക്കൽ വശങ്ങൾ കലാകാരന്മാരുടെ മികവ് അടയാളപ്പെടുത്തുന്നുണ്ട്.

🔻FINAL VERDICT🔻

കാലഹരണപ്പെട്ട് പോയെന്ന് ബോധ്യപ്പെടുന്ന മനുഷ്യത്വത്തിന്റെ പുതിയ തെളിനീരുറവകൾ തേടിയുള്ള യാത്രയാണ് പേരൻപ്. മനുഷ്യന് വേണ്ടി പ്രകൃതിയല്ല, പ്രകൃതിക്ക് വേണ്ടി മനുഷ്യൻ മാറുമ്പോഴാണ് ഭൂമി പ്രശാന്തസുന്ദരമാവുകയെന്ന ബോധ്യപ്പെടുത്തൽ കൂടിയാണ് ചിത്രം. മെലോഡ്രാമയുടെ അകമ്പടിയോടെ കണ്ണ് നിറക്കുന്ന കേവലമൊരു സിനിമാറ്റിക്ക് വൈകാരികതയിലല്ല, കുറെയേറെ ജീവിതങ്ങളുടെ കഥ തെല്ലും അതിശയോക്തി ഇല്ലാതെ സ്‌ക്രീനിൽ തെളിയുന്നിടത്താണ് പേരൻപിൻറെ അഴക് വെളിവാകുന്നത്. കേവലം ഒരു തമിഴ് സിനിമയെന്നല്ല, ഇന്ത്യൻ സിനിമയെന്ന് അഭിമാനത്തോടെ, തെല്ല് അഹങ്കാരത്തോടെ ഉയർത്തിക്കാട്ടാം പേരൻപിനെ.

AB RATES 


You Might Also Like

0 Comments